പരപ്പ: ടൗണിലെ പാർക്കിംഗ് പ്രശ്നത്തിൽ സ്വകാര്യ ബസുകൾക്കെതിരെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ നടപടികളിൽ പ്രതിഷേധിച്ച് പരപ്പയിൽ ബസ് തൊഴിലാളികളുടെ സമരം. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ അനിശ്ചിതകാല ബസ് സമരം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ ഇടപെട്ട് ആർടിഒയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലുണ്ടായ ഇടക്കാല ധാരണയുടെ അടിസ്ഥാനത്തിൽ പിൻവലിക്കുകയായിരുന്നു.
പരപ്പയിൽ ബസ് സ്റ്റാൻഡ് ഇല്ലാത്തതിനാൽ കാലങ്ങളായി റോഡരികിലാണ് ദീർഘദൂര ബസുകളുൾപ്പെടെ നിർത്തിയിടുന്നത്. എന്നാൽ ഇത് താഴെ പരപ്പയിലുള്ള വ്യാപാരസ്ഥാപനങ്ങളിലെ കച്ചവടത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി ഒരു വിഭാഗം വ്യാപാരികൾ നൽകിയ പരാതിയെ തുടർന്ന് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരം കഴിഞ്ഞ ദിവസം ആർടിഒ ഇടപെട്ട് തടയുകയായിരുന്നു. ഇതോടെ ബസുകൾ താഴെ പരപ്പയിലേക്കു പോകാതെ മുകളിലെ പരപ്പ ജംഗ്ഷനിൽ തന്നെ നിർത്തിയിടാൻ തുടങ്ങി. എന്നാൽ ഇവിടെ ബസുകൾ നിർത്തിയിടുന്നത് അനധികൃതമാണെന്നാരോപിച്ച് പൊലിസ് എല്ലാ ബസുകാർക്കും 1000 രൂപ വീതം പിഴ ചുമത്തി. ഇതോടെയാണ് പ്രതിസന്ധിയിലായ ബസ് മേഖലയെ വ്യാപാരികളും നിയമപാലകരുമെല്ലാം ഒരുപോലെ ദ്രോഹിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബസ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങിയത്. ഇന്നു മുതൽ പരപ്പയിലേക്കുള്ള മുഴുവൻ ബസുകളും സർവീസ് നിർത്തിവെക്കാനായിരുന്നു തീരുമാനം.
നാളെ വീണ്ടും റഗുലേറ്ററി കമ്മിറ്റി യോഗം ചേരുന്നതുവരെ താഴെ പരപ്പയിൽ ബസുകൾ നിർത്തിയിടുന്ന നിലവിലെ സ്ഥിതി തന്നെ തുടരാനാണ് ബസ് ഉടമകളും തൊഴിലാളികളുമായി ഇന്നലെ നടന്ന ചർച്ചയിലുണ്ടായ ധാരണ. ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയാകുന്നതുവരെ ബസുകളുടെ പാർക്കിംഗിന് എന്തെങ്കിലും ഇടക്കാല സംവിധാനമുണ്ടാക്കുന്ന കാര്യം റഗുലേറ്ററി കമ്മിറ്റി ചർച്ച ചെയ്തു തീരുമാനിക്കും. ഏഴു വർഷം മുൻപ് അനുമതി ലഭിച്ചിട്ടും പരപ്പയിൽ ബസ് സ്റ്റാൻഡ് നിർമാണം യാഥാർഥ്യമാകാത്തതാണ് എല്ലാ പ്രതിസന്ധിക്കും കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ അനുവദിച്ച് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇനിയെങ്കിലും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് എല്ലാവരുടെയും ആവശ്യം.
“കിനാനൂർ-കരിന്തളം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വ്യാപാരസ്ഥാപനങ്ങളുള്ള സ്ഥലമാണ് പരപ്പ. എന്നാൽ ഓട്ടോ-ടാക്സി വാഹനങ്ങളും ബസുകളുമെല്ലാം എല്ലാസമയവും നിർത്തിയിടുന്നത് വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലാണ്. ഇത് വ്യാപാരികൾക്ക് കച്ചവടം ചെയ്യുന്നതിന് വളരെയധികം തടസങ്ങൾ സൃഷ്ടിക്കുന്നു. പലപ്പോഴും ജനങ്ങൾക്ക് കടകളിലേക്ക് കയറിവരാൻപോലും കഴിയാത്ത അവസ്ഥയാണ്. ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിത്തരണമെന്ന വ്യാപാരികളുടെ ആവശ്യം ന്യായമാണെന്ന് പഞ്ചായത്തിനും മറ്റ് അധികാരികൾക്കും ബോധ്യമായതിനെ തുടർന്നാണ് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് ബസുകളുടെ പാർക്കിംഗ് നിയന്ത്രിക്കാൻ തീരുമാനമെടുത്തത്.”
വി.നാരായണൻ , പ്രസിഡന്റ്,വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ്.